Latest Updates

വത്തിക്കാന്‍: തിങ്കളാഴ്ച അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം ശനിയാഴ്ച (ഏപ്രില്‍ 26) നടത്തുമെന്ന് വത്തിക്കാന്‍ അറിയിച്ചു. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 ന് സംസ്‌കാരചടങ്ങുകള്‍ ആരംഭിക്കും. മാര്‍പാപ്പയുടെ ആഗ്രഹപ്രകാരം റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലാണ് അന്ത്യവിശ്രമം ഒരുക്കുന്നത്. നാളെ രാവിലെ മുതല്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ മാര്‍പാപ്പയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിനായി വയ്ക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30 മുതല്‍ ആണ് പൊതുദര്‍ശനം തുടങ്ങുക. നിലവില്‍ ഭൗതികശരീരം പോപ്പിന്റെ സ്വകാര്യ ചാപ്പലില്‍ സൂക്ഷിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. നാളെ പൊതു ദര്‍ശനത്തിന് വെക്കുന്ന ഹാളിലേക്ക് ഭൗതിക ദേഹം മാറ്റും. സിങ്ക് പൂശിയ, മരത്തില്‍ തീര്‍ത്ത കഫീനിലാണ് പാപ്പയുടെ മൃതദേഹം കിടത്തിയിരിക്കുന്നത്. ചുവന്ന മേലങ്കിയും മാര്‍പാപ്പയുടെ മൈറ്റര്‍ കിരീടവും ധരിപ്പിച്ചിട്ടുണ്ട്. സംസ്‌കാര ശുശ്രൂഷകള്‍ക്ക് കര്‍ദിനാള്‍ കെവിന്‍ ഫെറെല്‍ നേതൃത്വം നല്‍കും. മാര്‍പാപ്പയുടെ മരണത്തെത്തുടര്‍ന്ന് വത്തിക്കാന്റെ താല്‍ക്കാലിക ഭരണ ചുമതല കര്‍ദിനാള്‍ ഫെറെലിനാണ് നല്‍കിയിട്ടുള്ളത്. നിര്‍ണായക തീരുമാനങ്ങള്‍ ആവശ്യമെങ്കില്‍ കര്‍ദിനാള്‍ സഭ യോഗം ചേർന്ന് തീരുമാനമെടുക്കും. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തെ തുടര്‍ന്ന് ആയിരക്കണക്കിന് വിശ്വാസികള്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ എത്തുകയാണ്. കഴിഞ്ഞ രാത്രിയില്‍ നടന്ന ശുശ്രൂഷകളും കര്‍ദിനാള്‍ കെവിന്‍ ഫെറെലിന്‍റെ നേതൃത്വത്തിലായിരുന്നു. ഹൃദയസ്തംഭനവും പക്ഷാഘാതവും ചേര്‍ന്നതാണ് മാര്‍പാപ്പയുടെ മരണകാരണമെന്ന് വത്തിക്കാന്‍ അറിയിച്ചു.

Get Newsletter

Advertisement

PREVIOUS Choice